Monday, December 26, 2016

ധനം ഒരു പരീക്ഷണം




                        عن كعب بن عياض رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول (( إن لكل أمة فتنة، وفتنة أمتي المال)). رواهُ الترمذي

   എല്ലാ സമുദായങ്ങൾക്കും ഓരോ പരീക്ഷണങ്ങളുണ്ടെന്നും എന്റെ ഉമ്മത്തിന്റേത് സമ്പത്താണെന്നുമാണ് തിരുവചനം. സമ്പത്ത് ഒരു പരീക്ഷണമാണെന്ന് വിശുദ്ധഖുർആനിലും വ്യക്തമായ പരാമർശമുണ്ട്. 
     സമ്പത്ത് നൽകിയും നൽകാതെയും അല്ലാഹു നമ്മെ പരീക്ഷിക്കുന്നു. അവൻ ഔദാര്യമായി നൽകിയതിൽ നന്ദിയുണ്ടോ എന്നും സാമ്പത്തികമായി വലിയ മെച്ചം നൽകാത്തതിൽ ക്ഷമ പാലിക്കുന്നുണ്ടോ എന്നുമാണ് അവന്റെ നോട്ടം. 
    മുമ്പുള്ള സമുദായങ്ങളെ പോലെ സമ്പത്ത് നൽകപ്പെടുകയും അതിലായി പരസ്പരം മത്സരിക്കുകയും അവർ നശിച്ചത് പോലെ നിങ്ങളും നശിക്കുന്നതിനെയുമാണ് ഞാൻ ഭയക്കുന്നതെന്ന തിരു വചനം ഓർമ്മയിലുണ്ടാകണം. ദാരിദ്ര്യം ദൈവനിഷേധത്തിലേക്കെത്തിക്കുമെന്നതും മറക്കരുത്.
      റബ്ബ് നൽകിയതിൽ എപ്പോഴും നന്ദിയുള്ളവരാകുക. അവനെ വിസ്മരിക്കരുത്. പ്രതിസന്ധികളിൽ തളരാതെ അവനിലേക്ക് തവക്കുലാക്കുക. അവനിലേക്കടുക്കുന്നവർക്ക് അവൻ തന്നെ കൂട്ട്.....



                                                               Faisal Qasimy

Thursday, December 22, 2016

അല്ലാഹുവിനെ സൂക്ഷിക്കുക.




عن أبي ذر ومعاذ بن جبل رضي الله عنهما ، أن رسول الله صلى الله عليه وسلم قال : اتق الله حيثما كنت ، وأتبع السيئة الحسنة تمحها ، وخالق الناس بخلق حسن رواه الترمذي

  എപ്പോഴും എവിടെയും സൂക്ഷ്മതയുള്ളവരായിരിക്കണമെന്നത് തിരു ഉപദേശങ്ങളിൽ സുപ്രധാനമായതാണ്. ഭൗതികവും ആത്മീയവുമായ സകല വിജയങ്ങളുടെയും നിദാനവും അതു തന്നെ. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും സാമീപ്യവും പാപമോചനവും സ്വർഗപ്രവേശനവും നരകരക്ഷയും അമലുകളുടെ സ്വീകാര്യതയും വിഭവസമൃദ്ധിയും പ്രയാസങ്ങളിൽ നിന്നുള്ള വിടുതിയുമെല്ലാം തഖ് വയുടെ നേട്ടങ്ങളാണ്. 
        മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ നടക്കുന്ന ഒരാൾ ശരീരത്തിൽ പോറലേൽക്കാതിരിക്കാൻ എത്ര ശ്രദ്ധിക്കുമോ അത്ര സൂക്ഷ്മത ജീവിതത്തിൽ ഉണ്ടാകണം. അതു തന്നെയാണ് തഖ് വയുടെ സാരവും. സ്വർഗത്തിലേക്കുള്ള യാത്രക്കിടയിൽ തടസ്സങ്ങളായി വരുന്ന ശത്രുക്കളെ നാം സൂക്ഷിക്കണം. ശൈത്താനും ശാരീരികേച്ഛയും ദുൻയാവും ദുശിച്ച ജനങ്ങളുമാണാ വഴി മുടക്കികൾ.
     ഇഹപരവിജയത്തിനായി സൂക്ഷ്മതയുള്ളവരായി മുന്നേറുക. നാഥൻ തന്നെ തുണ....

                      Faisal Qasimy

Monday, December 19, 2016

പുഞ്ചിരിയെന്ന ഔഷധം



عن أبي ذر ـ رضي الله عنه ـ قال: قال رسول الله ـ صلى الله عليه وسلم ـ: ( تَبَسُّمُك في وَجْه أَخِيك لك صدقة ) رواه الترمذي .


നാം മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരി തൂകുന്നത് നമുക്ക് സ്വദഖയുടെ പ്രതിഫലം നേടിത്തരുമെന്ന് തിരു നബി (സ). അവിടെ പരിചതരെന്നോ അപരിചിതരെന്നോ ചെറിയവരെന്നോ വലിയവരെന്നോ നോക്കേണ്ടതില്ല. ഹൃദയങ്ങൾ തമ്മിൽ അടുക്കാനുള്ള ഉത്തമ ഔഷധമാണത്.

    പുഞ്ചിരിക്ക് പ്രാധാന്യതകളേറെയുള്ളതു കൊണ്ടാവാം പുഞ്ചിരിക്കായി ഒരു ദിനം തന്നെ ലോകം  മാറ്റി വെച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളി.


  മനസ്സുകൾ തമ്മിൽ വളരെ പെട്ടെന്ന് അടുക്കുന്നതിനും മാനസിക സമ്മർദ്ദം കുറക്കുന്നതിനും ശാരീരികോന്മേഷത്തിനും പുഞ്ചിരി വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.


                                                             "So, Dont forget to smile"







                                -Faisal Qasimy-